വടകര: [nadapuram.truevisionnews.com] ഇരിങ്ങൽ സർഗ്ഗാലയ അന്താരാഷ്ട്ര കരകൗശല മേളയിൽ പേർഷ്യൻ കലയുടെ ആഴവും സൗന്ദര്യവും വിളിച്ചോതി ഇറാനിൽ നിന്നുള്ള 'ടിട്ടിൽ' ശ്രദ്ധേയമാകുന്നു. ഫാത്തിമയും മുഹമ്മദും ചേർന്ന് അവതരിപ്പിക്കുന്ന ഈ ആഭരണ ബ്രാൻഡ്, ഇറാന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക പൈതൃകത്തെ സമകാലിക ഫാഷനുമായി കൂട്ടിയിണക്കുകയാണ്.
പുരാതന ഇറാനിയൻ ശില്പകലകൾ, പേർഷ്യൻ പരവതാനികളിലെ വിസ്മയിപ്പിക്കുന്ന ഡിസൈനുകൾ, ചരിത്രസ്മാരകങ്ങളിലെ ടൈൽ വർക്കുകൾ എന്നിവയിൽ നിന്നുള്ള പ്രചോദനമാണ് ടിട്ടിലിന്റെ ഓരോ സൃഷ്ടിയിലും നിഴലിക്കുന്നത്.
വെറും ആഭരണങ്ങൾ എന്നതിലുപരി, പുരാതന പേർഷ്യൻ പ്രതീകങ്ങളെയും സ്ത്രീത്വത്തിന്റെ കരുത്തിനെയും കാലാതീതമായ സൗന്ദര്യത്തെയും അടയാളപ്പെടുത്തുന്ന കലാസൃഷ്ടികളാണിവ.
പാരമ്പരാഗത ഇറാനിയൻ ചിഹ്നങ്ങളെ പുനരുജ്ജീവിപ്പിച്ച് ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ട്രെൻഡി ആഭരണങ്ങളാക്കി ഇവർ മാറ്റുന്നു.ഓരോ ആഭരണവും കൈകളാൽ നിർമ്മിക്കുന്നതിനാൽ അവയ്ക്ക് തനിമയും മൂല്യവും ഏറുന്നു.

ഇറാനിയൻ ചരിത്രത്തിന്റെയും കലയുടെയും ഒരു ജീവസ്സുറ്റ അംശം സ്വന്തമാക്കാനുള്ള അവസരമാണ് ഈ സ്റ്റാളിലൂടെ സന്ദർശകർക്ക് ലഭിക്കുന്നത്. ഭൂതകാലത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്ന ഒരു നൂൽപ്പാലം പോലെ, ഇറാൻ്റെ ഗഹനമായ കലാപാരമ്പര്യം സർഗ്ഗാലയയിലെത്തുന്ന ആയിരക്കണക്കിന് കലാപ്രേമികളെ ആകർഷിക്കുകയാണ്.
Persian beauty in the garden










































