നാദാപുരം: [nadapuram.truevisionnews.com] പുനർനിർമാണത്തിനായി അടച്ചിട്ടിരുന്ന നാദാപുരം ബസ് സ്റ്റാൻഡ് ഒടുവിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മാസങ്ങളായി സ്റ്റാൻഡിൽ പ്രവേശനം നിരോധിച്ചതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ചൊവ്വാഴ്ച പഞ്ചായത്ത് ഓഫീസിൽ നടത്തിയ മിന്നൽ സമരത്തെത്തുടർന്നാണ് നടപടി.
ബസ് സ്റ്റാൻഡ് അടച്ചതോടെ വ്യാപാര മേഖലയിലുണ്ടായ തളർച്ചയും ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനായിരുന്നു വ്യാപാരികളുടെ സമരം. സ്റ്റാൻഡിൽ പ്രവൃത്തി ആരംഭിക്കുന്നത് വരെ വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യം പഞ്ചായത്ത് അംഗീകരിച്ചു.
നിലവിൽ ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിച്ചു തുടങ്ങിയിട്ടില്ലെങ്കിലും, ടൗണിലെ പാർക്കിങ് സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മറ്റു വാഹനങ്ങൾക്ക് സ്റ്റാൻഡ് തുറന്നുനൽകിയിട്ടുണ്ട്. ഇത് ടൗണിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Nadapuram bus stand now open for parking










































