പയ്യോളി: [nadapuram.truevisionnews.com] മരത്തടിയിൽ ഉളിയും ചുറ്റികയും കൊണ്ട് അഞ്ചു തീർക്കുന്ന വിസ്മയങ്ങൾ കാണാൻ സർഗാലയയിലെ അന്താരാഷ്ട്ര കരകൗശല മേളയിൽ ജനത്തിരക്കേറുന്നു. ഡൽഹി ശാഹീൻ ബാഗ് സ്വദേശിയായ ഷഹീം അഞ്ചുവും കുടുംബവും മുഗൾ ശില്പകലയെ ജീവശ്വാസമായാണ് കാണുന്നത്.
നൂറ്റാണ്ടുകൾക്ക് മുൻപ് ലോകത്തെ വിസ്മയിപ്പിച്ച മുഗൾ കലയുടെ തനത് രൂപങ്ങൾ അഞ്ചുവിൻ്റെ കൈകളിലൂടെ പുനർജനിക്കുകയാണിവിടെ. മരത്തടിയിൽ അതീവ സൂക്ഷ്മതയോടെ മണിക്കൂറുകളെടുത്താണ് ഓരോ കൊത്തുപണികളും പൂർത്തിയാക്കുന്നത്.
മരത്തിന് പുറമെ ഒട്ടകത്തിൻ്റെ എല്ലിൽ ഇവർ തീർക്കുന്ന കരവിരുതുകൾ സന്ദർശകരെ അത്ഭുതപ്പെടുത്തുന്നു.നാല് പതിറ്റാണ്ടിലേറെയായി മുഗൾ കലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കുടുംബമാണ് അഞ്ചുവിൻ്റേത്.
മകനും രണ്ട് പെൺമക്കളും അഞ്ചുവിനൊപ്പം സഹായികളായുണ്ട്. ശില്പകലയിൽ സഹായികളായി മകൾ സയിദയും, എം.ബി.ബി.എസ് വിദ്യാർത്ഥിയായ ഇളയ മകളും.30 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലമതിക്കുന്ന ഉല്പന്നങ്ങൾ ആകർഷകമായ ഹെയർ ക്ലിപ്പുകൾ, കണ്ണഞ്ചിപ്പിക്കുന്ന ആഡംബര വിളക്കുകൾ, വീടിനകത്ത് ഉപയോഗിക്കാവുന്ന 'പാർട്ടീഷൻ ബിഗ് സ്ക്രീനുകൾ' തുടങ്ങിയവ ഈ സ്റ്റാളിലുണ്ട്.

മുഗൾ കലയുടെ രാജകീയ പ്രൗഢിയും തനിമയും തൊട്ടറിയാൻ ആഗ്രഹിക്കുന്നവർ സർഗാലയയിലെ ഈ സ്റ്റാളിലെ തിരക്കിലാണ്.
Amazing Mughal art








































