വാണിമേൽ: [nadapuram.truevisionnews.com] മയ്യഴിപ്പുഴയുടെ ഭാഗമായ വാണിമേൽ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ നേരത്തെ തന്നെ പുഴ വറ്റാൻ തുടങ്ങിയത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പുഴയിലെ മണ്ണും ചെളിയും നീക്കം ചെയ്ത് ശുചീകരണം നടത്താത്തതാണ് ജലനിരപ്പ് കുറയാൻ പ്രധാന കാരണമായി. വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് പുഴയിൽ വൻതോതിൽ മണ്ണും ചെളിയും അടിഞ്ഞുകൂടിയിരുന്നു.
ഇവ നീക്കം ചെയ്ത് പുഴയുടെ ആഴം കൂട്ടുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. മണ്ണ് നിറഞ്ഞതോടെ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും വെള്ളം സംഭരിക്കാനുള്ള ശേഷി കുറയുകയും ചെയ്തു.
പുഴയിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി വാർഡ് മെമ്പർ ടി. സുബൈറിന്റെ നേതൃത്വത്തിൽ പുഴയോരം സംരക്ഷണ സമിതി താൽക്കാലിക തടയണ നിർമിച്ചു. ഇതോടെ സമീപപ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം കുറയുന്ന അവസ്ഥയ്ക്ക് നേരിയ പരിഹാരമായിട്ടുണ്ട്.

അതേസമയം, വിഷ്ണുമംഗലത്ത് ജല അതോറിറ്റി നിർമിച്ച കോൺക്രീറ്റ് തടയണയുടെ ഷട്ടർ താഴ്ത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാതെ ഷട്ടർ താഴ്ത്തിയാൽ പ്രയോജനമുണ്ടാകില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. പുഴ ശുചീകരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
The river is drying up on the banks of the river.









































