നാദാപുരം : (https://nadapuram.truevisionnews.com/)ഇക്കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ തെരഞ്ഞെടുപ്പ് വിജയിക്കെതിരെ നാദാപുരം മുൻസിഫ് കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തു.
പതിനാലാം വാർഡിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി റോഷ്ന പിലാക്കാട്ടിന്റെ വിജയത്തിനെതിരെ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥി ഷാജു പുതിയോട്ടിലാണ് കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പിൽ 15 വോട്ടുകൾ ക്ക് ഇടതുപക്ഷ സ്ഥാനാർഥി വിജയിക്കുകയായിരുന്നു. എന്നാൽ പഞ്ചായത്ത് സെക്രട്ടറിയെ സ്വാധീനിച്ച് അനധികൃതമായി നിരവധി വോട്ടുകൾ പട്ടികയിലേക്ക് കൂട്ടിച്ചേർത്തത് സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുന്നേ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനും കലക്ടർക്കും ഐക്യ ജനാധിപത്യ മുന്നണി പരാതി നൽകിയിരുന്നു. ഇങ്ങനെ കൂട്ടിച്ചേർത്ത പട്ടികയിൽ പെട്ട 19 വോട്ടർമാർ രണ്ടു വോട്ടുകൾ ചെയ്തതായും, കൂടാതെ 18 ആളുകൾ കള്ള വോട്ടുകൾ ചെയ്തതായും പരാതിയിൽ പറയുന്നു.
ഇത്തരത്തിലുള്ള 37 വോട്ടുകളുടെ ബലത്തിലാണ് ഇടതുപക്ഷ സ്ഥാനാർത്ഥി 15 വോട്ടുകൾക്ക് വിജയിച്ചതെന്നും, വിജയം ജനാധിപത്യത്തെ തകർക്കുന്ന ഒന്നാണെന്നും ഹർജിക്കാരൻ അന്യായത്തിൽ പറയുന്നു. വിജയിച്ച സ്ഥാനാർത്ഥി റോഷന പിലാക്കാട്ട്, ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഷിജിത്ത് ചിറക്കൽ, നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി റെജുലാൽ, തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ എന്നിവരെ എതിർകക്ഷികൾ ആക്കി ചേർത്തുകൊണ്ടാണ് ഹർജി ബോധിപ്പിച്ചത്.
അഡ്വ കെ.അനിൽരാജ് മുഖാന്തരം ഫയൽ ചെയ്ത ഹർജി ബഹുമാനപ്പെട്ട കോടതി ഫയലിൽ സ്വീകരിച്ചു എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. കേസ് ഫെബ്രുവരി 23 ലേക്ക് വിചാരണക്കായി മാറ്റിവെച്ചു.
Case filed in court against Nadapuram election victory









































