നാദാപുരം: [nadapuram.truevisionnews.com] വളയം, ചെക്യാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന എളമ്പ ഉന്നതി റോഡിന്റെയും പാലത്തിന്റെയും നിർമ്മാണം യാഥാർഥ്യത്തിലേക്ക്. പദ്ധതിയുടെ അവസാനഘട്ട പരിശോധനകൾക്കായി ജനപ്രതിനിധികളും എൻജിനീയറിങ് വിഭാഗവും പ്രദേശം സന്ദർശിച്ചു.
വളയം പഞ്ചായത്തിലെ കൊക്രിയിൽ നിന്ന് ആരംഭിച്ച് ചെക്യാട് പഞ്ചായത്തിലെ എളമ്പ ഉന്നതിയിൽ അവസാനിക്കുന്ന രണ്ട് കിലോമീറ്റർ നീളമുള്ള ഈ റോഡും തോടിന് കുറുകെയുള്ള പാലവും പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു.
2022-ൽ ഇ.കെ. വിജയൻ എം.എൽ.എ മുഖേന സമർപ്പിച്ച നിവേദനത്തെത്തുടർന്ന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണ നടപടികൾ തുടങ്ങിയത്. എട്ടു മീറ്റർ വീതിയിൽ ടാർ റോഡ്, കൾവർട്ടുകൾ, ഡ്രൈനേജ്, പാലം എന്നിവയടങ്ങുന്ന ഈ പദ്ധതിക്ക് നാല് കോടിയിലധികം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ മലയോര മേഖലയിലെ ടൂറിസം സാധ്യതകൾ വർധിക്കുമെന്നും ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ യാത്രാസൗകര്യം മെച്ചപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു. പി.എം.ജി.എസ്.വൈ അസി. എൻജിനീയർ കെ. അനീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, വളയം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
Elamba Unnati Road and Bridge Become a Reality


































.jpeg)






