നാദാപുരം: [nadapuram.truevisionnews.com] ഉരുൾപൊട്ടൽ ദുരന്തം വിതച്ച വിലങ്ങാടിനെ പൂർണ്ണമായും അവഗണിച്ച സംസ്ഥാന ബജറ്റ് വഞ്ചനയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി രംഗത്ത്.
വയനാടിനൊപ്പം പ്രകൃതിദുരന്തം തകർത്തെറിഞ്ഞ വിലങ്ങാടിനോട് സർക്കാർ കാട്ടുന്ന കടുത്ത നീതികേടിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. വയനാട് ദുരന്തത്തിന് സമാനമായ ഭീകരാവസ്ഥയിലൂടെയാണ് വിലങ്ങാട് കടന്നുപോയത്.
കൃത്യസമയത്തെ മുൻകരുതൽ ഇല്ലായിരുന്നെങ്കിൽ 150-ഓളം കുടുംബങ്ങൾ അപ്രത്യക്ഷമാകുമായിരുന്ന വലിയൊരു ദുരന്തമായിരുന്നു അത്. രക്തസാക്ഷി മാത്യു മാഷിനെപ്പോലെയുള്ള ധീരരായ പൊതുപ്രവർത്തകരുടെ ഇടപെടലും ജനങ്ങളുടെ ജാഗ്രതയും കൊണ്ടാണ് മരണസംഖ്യ കുറഞ്ഞത്.
എന്നാൽ, നൂറ്റമ്പതോളം കുടുംബങ്ങളുടെ ജീവിതസമ്പാദ്യവും വിലങ്ങാട് അങ്ങാടിയിലെ കച്ചവടക്കാരുടെ ഉപജീവനമാർഗങ്ങളും ഒറ്റരാത്രികൊണ്ട് ഇല്ലാതായി. ദുരന്തത്തിന് ശേഷം രണ്ട് സംസ്ഥാന ബജറ്റുകൾ കടന്നുപോയിട്ടും വിലങ്ങാട് മേഖലയ്ക്കായി യാതൊരു വിഹിതവും അനുവദിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
വയനാട് ദുരന്തബാധിതരുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കുമ്പോൾ, അതേ ദിവസം ദുരന്തം നേരിട്ട വിലങ്ങാട്ടുകാർ ഇന്നും കടക്കെണിയിലാണ്. മന്ത്രിമാർ നൽകിയ വാഗ്ദാനങ്ങൾ 'വിലങ്ങാട് പുഴയിലെ ജലരേഖ' പോലെയായെന്നും ഈ പാവപ്പെട്ടവരുടെ കണ്ണീരിനെ സർക്കാർ പരിഹസിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
വിലങ്ങാടിന് വേണ്ടി സ്വന്തം ജീവൻ ബലി നൽകിയ മാത്യു മാഷിന്റെ രക്തത്തിന്റെ വിലയെങ്കിലും പരിഗണിച്ച് ദുരിതബാധിതരുടെ ബാധ്യതകൾ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണം. നാദാപുരം നിയോജകമണ്ഡലത്തെ ആകെ അവഗണിക്കുന്ന ജനവിരുദ്ധ നയമാണ് സർക്കാർ തുടരുന്നത്.
അവകാശങ്ങൾ ഇരന്നുവാങ്ങേണ്ടതല്ലെന്നും പോരാടി നേടുമെന്നും പ്രഖ്യാപിച്ചുകൊണ്ട് നാദാപുരത്ത് വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടി അറിയിച്ചു. ദുരിതമനുഭവിക്കുന്നവരെ ചേർത്തുനിർത്തുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് യൂത്ത് കോൺഗ്രസ് വാണിമേൽ മണ്ഡലം പ്രസിഡന്റ് ഡോൺ തോമസ് പറഞ്ഞു.
Youth Congress intensifies protest against state budget



































