#Latest news #Vadakara #Kadathanadu #Labour Contract Society #Fraud #Crime Branch #Kerala #Ibrahim haji
വടകര: (vatakara.truevisionnews.com) കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങി. സൊസൈറ്റി സെക്രട്ടറിയും കേസിലെ മുഖ്യപ്രതിയുമായ പ്രീനയാണ് ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരന് മുമ്പാകെ നേരിട്ട് ഹാജരായത്.
ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് കീഴടങ്ങൽ. നിലവിൽ അന്വേഷണ സംഘം പ്രീനയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കേസിലെ മറ്റു പ്രതികളായ റിനീഷ്, ടി.വി. സുധീർകുമാർ എന്നിവരെ അന്വേഷണ സംഘം നേരത്തെ തന്നെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം വടകര മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിട്ടുണ്ട്.
സൊസൈറ്റിയുടെ ഫണ്ടിൽ വ്യാപകമായ തിരിമറി നടത്തി കോടികൾ തട്ടിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.


കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി സുധീറിനെ വെള്ളിയാഴ്ചയും റിനീഷിനെ ശനിയാഴ്ചയും തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് മജിസ്ട്രേറ്റ് അലി ഫാത്തിമ ഉത്തരവിട്ടിട്ടുണ്ട്.നിലവിൽ മൂന്ന് കേസുകളാണ് കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് പോലീസ് രജിസ്റ്റർ ചെയ്ത് .
ഒരു മാസം മുൻപാണ് ഇബ്രാഹിം കുട്ടി സുധീർ കുമാറിന്റെ വീടിന്റെ മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കിയത്. യുഡിഎഫ് നിയന്ത്രണത്തിൽ 13 വർഷം മുൻപ് തുടങ്ങിയ വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകനായിരുന്നു ഇബ്രാഹീം കുട്ടി. ഇബ്രാഹീം കുട്ടിക്കും കുടുംബത്തിനുമായി 22 ലക്ഷം രൂപയാണ് സൊസൈറ്റിയിൽ നിന്ന് ലഭിക്കാനുണ്ടായിരുന്നത്.
പണം തിരികെ ലഭിക്കാൻ നിരവധി തവണ സൊസൈറ്റിയിലും സുധീർ കുമാറിന്റെ വീട്ടിലും കയറിയിറങ്ങിയ ഇബ്രാഹീം ഹാജി പൊലീസിലും പരാതി നൽകിയിരുന്നു. വർഷങ്ങളായി വീട്ടുകാരുമായി അകന്ന്, നഗരത്തിലെ വാടകമുറികളിൽ മാറി മാറി താമസിക്കുകയായിരുന്ന അദ്ദേഹം ഒടുവിൽ ഗതികെട്ടാണ് ഈ ദാരുണമായ വഴി തിരഞ്ഞെടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.
Content Highlight: Kadathanadu Labour Contract Society Fraud Case: First Accused Preena Surrenders
#Latest news #Vadakara #Kadathanadu #Labour Contract Society #Fraud #Crime Branch #Kerala #Ibrahim haji















































