നാദാപുരം: പാറക്കടവിൽ തെരുവുനായ ആക്രമണത്തിൽ മദ്രസ വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. മദ്രസ വിട്ട് വീട്ടിലേക്കു വരുന്നതിനിടെയായിരുന്നു ആക്രമണം.
ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം. രണ്ടു വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. തെരുവുനായയെ കണ്ടതോടെ രണ്ടു പേരും രണ്ട ദിശകളിലേക്ക് ഓടുകയായിരുന്നു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അഭിയ ബദുലിനെയാണ് തെരുവുനായ ഓടിച്ചത്.
സമീപവാസിയായ മാവിലാട്ട് അലിയുടെ ഭാര്യ അനീസയാണ് വിദ്യാർത്ഥിനിക്ക് രക്ഷകയായത്. കയ്യിൽ യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെ സ്വയം ജീവൻ പണയം വെച്ചായിരുന്നു അനീസ തെരുവുനായയുടെ മുന്നിലേക്ക് എടുത്തുചാടിയത്.
സ്വന്തം കുട്ടിയെ മദ്രസയിലേക്കയക്കാൻ വാഹനത്തിൽ കയറ്റാൻ എത്തിയതായിരുന്നു അനീസ. അതിനിടയിലായിരുന്നു വിദ്യാർത്ഥിനിയെ തെരുവുനായ ഓടിച്ചത്.
തെരുവുനായ ശല്യം രൂക്ഷമാവുന്ന സ്ഥിതിയാണിപ്പോൾ. രാവിലെ മദ്രസയിലും ട്യൂഷൻ ക്ലസിലുമൊക്കെ പോയി വരുന്ന കുട്ടികളെ ഓടിച്ചിട്ട് കടിക്കുന്ന രീതിയാണുണ്ടാവുന്നത്.
#Aneesa #street #dog #attack #parakkadav #student #escaped