നാദാപുരം: (nadapuram.truevisionnews.com) ആസന്നമായ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ചേട്ടൻമാരും ചേച്ചിമാരും ഗ്രാമപഞ്ചായത്ത് ഓഫീസുകളിലേക്ക് തിരക്കിട്ട് പോകുന്ന ദിനത്തിൽ ഇവിടെ ഇവർക്ക് തെരഞ്ഞെടുപ്പ് ഉത്സവമായിരുന്നു. വിരളിൽ മഷി പുരട്ടി വോട്ട് ചെയ്ത് വിജയം ആഘോഷിച്ച് കുട്ടികൾ ജനാധിപത്യത്തെ തൊട്ടറിഞ്ഞ് തങ്ങളുടെ നേതൃത്വത്തെ തെരഞ്ഞെടുത്തു.



കല്ലാച്ചി പ്രൊവിഡൻസ് സ്കൂളിൽ ജനാധിപത്യത്തിൻ്റെ മഹത്വവും വോട്ടെടുപ്പ് പ്രക്രീയകളും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകാൻ സംഘടിപ്പിച്ച സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മാതൃകയായി. നാമനിർദ്ദേശ പത്രിക ക്ഷണിച്ചും സ്ഥാനാർത്ഥികളെ നിശ്ചയിച്ചും അവർക്ക് ചിഹ്നം അനുവദിച്ചും പിന്നെ വോട്ട് പിടുത്തവും അങ്ങിനെ കഴിഞ്ഞ ദിവസങ്ങളിൽ ഇവരും തെരഞ്ഞെടുപ്പ് പോരാട്ട വഴിയിലായിരുന്നു.
ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായിരുന്നു വോട്ടവകാശം ലഭിച്ചത്. മറ്റ് വിദ്യാർത്ഥികൾ ഇതിനെല്ലാം സാക്ഷികളായി. എട്ട് സ്ഥാനാർത്ഥികളിൽ ഒരാൾ പിൻവാങ്ങി. സ്കൂൾ ലീഡർ ( ഹെഡ് ബോയ് ) ദേവദർശ് ആർ എസ് എതിരില്ലാതെ തെരഞ്ഞെടുത്തു.
ഇന്നലെ വൈകിട്ട് പരസ്യ പ്രചാരണം അവസാനിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ വിവി ബാലകൃഷ്ണൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി. പ്രധാന അധ്യാപിക സി ബീന റിട്ടേണിംഗ് ഓഫീസറായി. നാല് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്റ്റാഫ് സെക്രട്ടറി റീന ടീച്ചർ , രവീന്ദ്രൻ മാസ്റ്റർ, ബിബിത, ലത മോഹൻദാസ് എന്നിവർ പ്രിസൈഡിംഗ് ഓഫീസർമാരായി. നിത ശ്രീനാഥ്, സി പി ജിതേഷ്, ഷമീമ , മേഘ്ന ,തീർത്ഥ , രഞ്ജിനി , മേഘ തുടങ്ങിയവർ വോട്ടെടുപ്പിന് നേതൃത്വം നൽകി.
പേപ്പർ ബാലറ്റ് രീതിയിലായിരുന്നു വോട്ടെടുപ്പ്. ഉച്ചയോടെ സ്ഥാനാർത്ഥികളുടെയും ഏജൻ്റ് മാരുടെയും സാന്നിദ്ധ്യത്തിൽ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി. സ്കൂൾ ലീഡർ ( ഹെഡ് ഗേളായി ) ദേവന കൃഷ്ണയും സ്റ്റ്യുഡൻ്റ് കോ- ഓഡിനേറ്ററായി ധ്യാൻ ധാർമ്മിക്കും വിജയികളായി.
തുടർന്ന് സ്കൂൾ പരിസരത്തെ റോഡിൽ നേരത്തെ തെരഞ്ഞെടുത്ത ക്ലാസ് ലീഡർമാർ ഉൾപ്പെടെ വിദ്യാർത്ഥികൾ വിജയാഹ്ലാദ പ്രകടനം നടത്തി. ജനാധിപത്യം പുതു തലമുറയ്ക്ക് പരിചയപ്പെടുത്തിയ സ്കൂൾ അധികൃതരെ പിടിഎ പ്രസിഡൻ്റ് കെ.കെ ശ്രീജിത് അഭിനന്ദനം അറിയിച്ചു.
Election preparations in nadapuram voting and victory celebration in Kallachi Providence School