പുറമേരി: (nadapuram.truevisionnews.com) പുറമേരി ഗ്രാമപഞ്ചായത്തിൽ വോട്ടർ പട്ടികയിൽ അട്ടിമറി ആരോപിച്ച് യു ഡി എഫ് രംഗത്ത്. ഗസറ്റ് വിജ്ഞാപനത്തിന് വിരുദ്ധമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഈ അട്ടിമറിയിൽ, 3-ാം വാർഡിലും 9-ാം വാർഡിലും നിന്നുള്ള നിരവധി യുഡിഎഫ് പിന്തുണയുള്ള വോട്ടർമാരെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാനായി ഭരണത്തിൻ്റെ പിൻ ബലത്തിൽ സി.പി.എം ഒത്താശയോടെ മറ്റ് വാർഡുകളിലേക്ക് മാറ്റിയതായുള്ള ഉറപ്പായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം.
3-ാം വാർഡിലെ അനന്ത്ര് കണ്ടി, മുതുവടൻ കണ്ടി, ഒറ്റത്തങ്ങുള്ളതിൽ തുടങ്ങിയ പറമ്പുകളിൽപെട്ടവരായ ഏകദേശം തൊണ്ണൂറോളം വോട്ടർമാരെ, ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവച്ച്, 4-ാം വാർഡിലേക്ക് മാറ്റിയതായി യു.ഡി.എഫ് ആരോപിക്കുന്നു. അതേസമയം, 3-ാം വാർഡിൽ ആയിരുന്ന ഏകദേശം 35 എൽ ഡി എഫ് പിന്തുണയുള്ള വോട്ടുകൾ മാറ്റാതെ തന്നെ ആ വാർഡിൽ നിലനിർത്തുകയും ചെയ്തിരിക്കുന്നു.



9-ാം വാർഡിൽ നിന്നുള്ള ഏകദേശം നൂറ്റി നാൽപതോളം യുഡിഎഫ് വോട്ടുകൾ 8-ാം വാർഡിലേക്കും 12-ാം വാർഡിലേക്കുമാണ് മാറ്റിയിരിക്കുന്നത്. അതേസമയം, 12-ാം വാർഡിലെ എൽഡിഎഫ് വോട്ടുകൾ 9-ാം വാർഡിലേക്ക് മാറ്റിയതും വിവേചനപരമായ നീക്കമാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
ഈ അട്ടിമറി തികഞ്ഞ രാഷ്ട്രീയ ഉദ്ദേശത്തോടെ ജനാധിപത്യത്തെ അട്ടിമറിക്കാണെന്ന് നേതാക്കൾ പ്രസ്താവിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം നടപടി അപലപനീയമാണെന്നും ചെറുതായി കാണാനാകില്ലെന്നും യുഡിഎഫ് നേതൃത്വം പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുന്നതിനും, ആവശ്യമായ അന്വേഷണ നടപടികൾ ആവശ്യപ്പെടുന്നതിനും തീരുമാനിച്ചിട്ടുണ്ട്, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി യുഡി എഫ് നേതൃത്വത്തിൽ പുറമേരി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ. മുഹമ്മദ് സാലി അദ്ധ്യക്ഷത വഹിച്ചു.
വി.പി. കുഞ്ഞമ്മദ് മാസ്റ്റർ, ടി. കുഞ്ഞിക്കണ്ണൻ, പി. അജിത്, കെ. സജീവൻ മാസ്റ്റർ, കപ്ലിക്കണ്ടി മജീദ്, കെ. സൂപ്പി മാസ്റ്റർ, മുഹമ്മദ് പുറമേരി, പനയുള്ള കണ്ടി മജീദ്, ചിറയിൽ മൂസഹാജി, ഷംസു മടത്തിൽ, കെ.എം. സമീർ മാസ്റ്റർ, അജയൻ പുതിയോട്ടിൽ, എൻ.കെ. അലിമത്ത്, ബീന കല്ലിൽ, സമീറ കൂട്ടായി, റീത്ത കണ്ടോത്ത് തുടങ്ങിയവർ നേതൃത്വം നൽകി .
UDF marches to Panchayat office in protest alleging that democracy is being undermined externally