നാദാപുരം: (nadapuram.truevisionnews.com) ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിറ്റാരി-കണ്ടിവാതുക്കൽ റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. കണ്ണൂർ -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതും വളയം, വാണിമേൽ, ചെക്യാട് പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്നതുമായ റോഡാണ് ചിറ്റാരി -കുണ്ടിവാതുക്കൽ റോഡ്.
രണ്ടുകോടി രൂപയാണ് നിർമാണച്ചെലവ്. പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. റോഡ് യഥാർഥ്യമാകുന്നതോടെ മലയോര മേഖലയിലെ കണ്ടിവാതുക്കൽ, കുണ്ടിൽ വളപ്പിൽ ഉന്നതികളിൽ ഉൾപ്പടെയുള്ളവരുടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും.



ഒപ്പം നിരവധി വിനോദസഞ്ചാരികൾ എത്തുന്ന അഭയഗിരി, ആയോട്, വാഴമല തുടങ്ങിയ സ്ഥലങ്ങളുടെ വികസനത്തിനും സാധ്യത തെളിയും. വിലങ്ങാട്-ചിറ്റാരി-കണ്ടിവാതുക്കൽ-വാഴമല -ചെറുവാഞ്ചേരി വഴി കണ്ണവത്തേക്കും കൊട്ടിയൂർ ക്ഷേത്രത്തിലേക്കും റോഡ് പൂർത്തിയാകുന്നതോടെ യാത്ര എളുപ്പമാകും.
2016ൽ പട്ടികവർഗ വികസന ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച റോഡ് നിർമാണം സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നിലച്ചത് മലയോരമേഖലയിൽ വലിയ യാത്രാദുരിതത്തിന് കാരണമായിരുന്നു. സർക്കാരിലും വിവിധ വകുപ്പ് മന്ത്രിമാർക്കിടയിലും ഇ കെ വിജയൻ എംഎൽഎയും വളയം പഞ്ചായത്തും നിരന്തരം നടത്തിയ ഇടപെടലിനെ തുടർന്നാണ് റോഡിന് 2025ലെ ബജറ്റിൽ രണ്ടുകോടി രൂപ അനുവദിച്ചത്.
ഇ കെ വിജയൻ എംഎൽഎ നിയമസഭയിൽ റോഡിൻ്റെ ശോചനീയാവസ്ഥ ചൂണ്ടികാണിച്ച് സബ്‌മിഷനും ഉന്നയിച്ചിരുന്നു. സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയായതോടെ ഉടൻ പണി ആരംഭിക്കാം. ആറുമാസമാണ് നിർമാണ കാലാവധി. ഈ മാസം അവസാനം മന്ത്രി പി എ മു ഹമ്മദ് റിയാസ്, ഇ കെ വിജയൻ എംഎൽഎ എന്നിവർ പങ്കെടുത്ത് നിർമാണ പ്രവൃത്തി ഉദ്ഘാടനം ചിറ്റാരിയിൽ സംഘടിപ്പിക്കുമെന്ന് വളയം പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് പറഞ്ഞു.
Tender process for Chittari Kandivathukkal road completed