വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമപഞ്ചായത്തിലെ ആരോഗ്യരംഗത്ത് പുതിയൊരു കാൽവെപ്പായി ജനകീയ ആരോഗ്യ കേന്ദ്രം വാണിമേലിന്റെ കീഴിലുള്ള ആയുഷ്മാൻ ആരോഗ്യ സെന്റർ യാഥാർത്ഥ്യമായി. ഒരു പ്രദേശത്തിന്റെയാകെ ആഘോഷമായി മാറിയ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വാണിമേൽ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, പതിനഞ്ച്, പതിനാറ് വാർഡുകൾ കേന്ദ്രീകരിച്ചാണ് ഈ ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുക. ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ ഫണ്ട് ഉപയോഗിച്ചാണ് ഇതിനായുള്ള കെട്ടിടം നിർമ്മിച്ചത്.



ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സഫർ ഇഖ്ബാൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സെൽമ രാജു, മെമ്പർമാരായ എം. കെ. മജീദ്, റസാക്ക് പറമ്പത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഷ്റഫ് കൊറ്റാല, സുബൈർ തയുള്ളതിൽ, മുത്തലിബ് എൻ. കെ, ബാലകൃഷ്ണൻ കെ, ഒ. പി. കുഞ്ഞമ്മദ് മാസ്റ്റർ, മുഹമ്മദ് കണ്ടിയിൽ, അസ്‌ലം കളത്തിൽ, നൗഷാദ് എം. കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ചിഞ്ചു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സെന്ററിന് സ്ഥലം സംഭാവന നൽകിയ വാതുക്കൽ കണ്ടി അമ്മദ് ഹാജിയെ ചടങ്ങിൽ ആദരിച്ചു. ജീവിതശൈലീ രോഗങ്ങളുടെ പരിശോധന, പകർച്ചവ്യാധി കുത്തിവെപ്പുകൾ, ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക പരിചരണം എന്നിവ ഈ കേന്ദ്രത്തിലൂടെ ഇനി ലഭ്യമാകും.
Ayushman Health Center becomes a reality in Vanimele










































