നാദാപുരം: ( nadapuram.truevisionnews.com) കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പട്ടാപകൽ മോഷണം ആവർത്തിക്കുന്നു. ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവന മാർഗം സ്വീകരിക്കുന്നവരെ മറയാക്കിയാണ് വ്യാപക മോഷണം നടന്നു വരുന്നത്. പകൽ സമയങ്ങളിൽ ആൾപെരുമാറ്റമില്ലാത്ത വീടുകളിൽ ദുരൂഹ സാഹചര്യത്തിൽ തമിഴ് നാടോടികളെ കണ്ടതായും നാട്ടുകാർ.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി നാദാപുരം വളയം മേഖലയിൽ സമാന രീതിയിൽ വ്യാപക കവർച്ച. മൂന്ന് വീട്ടുകളിൽ മോഷണം നടന്നതായി കണ്ടെത്തി. വളയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വളയം പരദേവത ക്ഷേത്രത്തിന് സമീപത്തെ കണ്ടോത്ത് ശ്രീജിത്തിൻ്റെ വീട്ടിൽ നിന്ന് പതിനായിരത്തിലധികം വില വരുന്ന ചെമ്പ് പാത്രവും അലൂമിനിയം ബക്കറ്റുകളും മോഷണം പോയിട്ടുണ്ട്.
വീടിന് പുറത്തെ കൂടയിൽ സൂക്ഷിച്ച സാധനങ്ങളാണ് മോഷണം പോയത്. വീട്ടിലുള്ളവർ ജോലിക്ക് പോകുമ്പോൾ പ്രായമായ സ്ത്രീകൾ മാത്രമാണ് വീടുകളിൽ ഉണ്ടാകുക ഈ സമയമാണ് മോഷണത്തിന് തെരഞ്ഞെടുക്കുന്നത്.



വളയം വണ്ണാർ കണ്ടിക്കടുത്ത് ഇളമ്പറ്റ ക്കണ്ടിയിൽ സുരേഷിൻ്റെ മരുമക്കളുടെ പേരിലുള്ള വാടകയ്ക്ക് നൽകിയ വീട്ടിലും മോഷണം നടന്നു. വീടിനോട് ചേർന്ന കെട്ടിടത്തിൻ്റെ മുകളിൽ സൂക്ഷിച്ച പത്രങ്ങളും ഇരുമ്പ്, ലോഹങ്ങളും മറ്റുമാണ് കണാതായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം വാടകയ്ക്ക് താമസിക്കുന്ന വീട്ടുകാരി ഈ സമയം ജോലിസ്ഥലത്ത് നിന്ന് അത്യാവശ്യം വീട്ടിൽ വന്നിരുന്നു. ഈ സമയം ശബ്ദം കേട്ടിരുന്നുവെങ്കിലും വീട്ടുടമസ്ഥരാകും എന്ന് കരുതി അവർ ശ്രദ്ധിച്ചില്ല. ഇക്കാര്യം വൈകിട്ട് വീടുകാരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസ്സിലായത്.
കഴിഞ്ഞ ദിവസം പകൽ സമീപത്തെ അടച്ചിട്ട വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് മൂന്ന് നാടോടികളെ കണ്ടതായി നാട്ടുകാർ പറഞ്ഞു.
വണ്ണാർകണ്ടിക്കടുത്ത് ഒരു വീട്ടിൽ നിന്ന് കിണ്ടി ഉൾപ്പെടെയുള്ള ഓട്ടുപാത്രങ്ങളും ഒരു ചാക്കിൽ നിറച്ച് സൂക്ഷിച്ച ചിരട്ടകളും മോഷണം പോയിട്ടുണ്ട്. നേരത്തെ നാദാപുരം മേഖലയിൽ പാറക്കടവ് ആവടിമുക്ക്, തൂണേരി വെള്ളൂർ, കോടഞ്ചേരി ഭാഗങ്ങളിൽ സമാന കവർച്ച നടന്നിരുന്നു.
വാണിമേൽ കൈവേലി ഭാഗങ്ങളിൽ തമിഴ്നാട്ടിൽ നിന്നെത്തിയ മോഷണ സംഘം താമസിച്ച് വരുന്നതായും നാട്ടിൽ നിന്ന് ഗുഡ്സ് ഓട്ടോറിക്ഷകൾ വാടകയ്ക്ക് എടുത്ത് മോഷണത്തിനിറങ്ങുന്നതായും സൂചനകൾ പുറത്ത് വന്നിട്ടുണ്ട്.
Nadapuram, Valayam, theft, Tamil nomads, Valayam police, complaint





































