നാദാപുരം: [nadapuram.truevisionnews.com] നാദാപുരം മേഖലയിൽ നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു സുരക്ഷ ശക്തമാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തീരുമാനിച്ചു.
ക്രമസമാധാനം ഉറപ്പാക്കുന്നതിനായി നാദാപുരം ഡിവൈഎസ്‌പി പരിധിയിലുള്ള നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടിൽപാലം പോലീസ്സ്റ്റേഷനുകളിൽ പ്രത്യേക ഉത്തരവാദിത്വങ്ങൾ ചുമതലപ്പെടുത്തി.
തിരഞ്ഞെടുപ്പിനായി മാത്രം ഒരു അധിക ഡിവൈഎസ്‌പിയെയും നിയമിക്കും. നാദാപുരം ഡിവിഷൻ രണ്ടായി വിഭജിക്കാനും തീരുമാനമായി. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന വളയം, കുറ്റ്യാടി, തൊട്ടിൽപാലം സ്റ്റേഷൻ പരിധിയിലെ 11 ബൂത്തുകളും അതീവ സുരക്ഷ ആവശ്യമായ 47 ബൂത്തുകളും പ്രത്യേക ശ്രദ്ധയിൽപ്പെടും.
ഓരോ 10 ബൂത്തുകൾക്കും ഒരു എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പട്രോളിംഗിനു നിയോഗിക്കും. രാത്രികാല നിരീക്ഷണവും അതിർത്തി പരിശോധനകളും ശക്തമാക്കും. മാഹി പ്രദേശത്തെ അനധികൃത മദ്യക്കടത്ത് തടയാൻ പരിശോധനകൾ ശക്തിപ്പെടുത്തിയതായി നാദാപുരം ഡിവൈഎസ്‌പി എ. കുട്ടികൃഷ്ണൻ അറിയിച്ചു.


മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മേഖലകളിൽ 5 എസ്ഐമാർക്കും 10 ഓഫീസർമാർക്കും അടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിക്കും. ഡിസംബർ 9-ന് ഒന്നാംഘട്ട പോളിംഗ് പൂർത്തിയാകുന്ന ഏഴ് ജില്ലകളിലെ പൊലീസ് സേനയെ തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ ആവശ്യമായ സ്ഥാനങ്ങളിൽ വിന്യസിക്കാനും തീരുമാനമായി.
നാദാപുരം മേഖലയിലെ പുറമേരി, വട്ടോളി എന്നീ സ്ഥലങ്ങളിൽ രണ്ട് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. നിയമലംഘനങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ടൗണുകളിൽ കൊട്ടിക്കലാശവും വിജയപ്രകടനങ്ങളും ഒഴിവാക്കാൻ മുമ്പേ തന്നെ രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് തീരുമാനം എടുത്തിരുന്നു.
Nadapuram,local elections,security




































