പുറമേരി: [nadapuram.truevisionnews.com] പഞ്ചായത്ത് ഭരണസമിതി തയ്യാറാക്കിയ ‘വികസന പെരുമ 2020–2025’ എന്ന രേഖയെ എൽഡിഎഫ് സ്ഥാനാർത്ഥികളും പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രിയായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ പരാതി.
റിട്ടേണിംഗ് ഓഫീസർ, ജില്ലാ കളക്ടർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എന്നിവർക്കാണ് പരാതി സമർപ്പിച്ചത്. ഔദ്യോഗിക രേഖയെ ഒരു പ്രത്യേക മുന്നണിയുടെ തിരഞ്ഞെടുപ്പ് നേട്ടമായി പ്രയോജനപ്പെടുത്തുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ (MCC) പാർട്ട് VII – ക്ലോസ് 7.3, 7.4 എന്നിവയുടെ ലംഘനമാണെന്ന് യു.ഡി.എഫ്. ചൂണ്ടിക്കാട്ടുന്നു.
പഞ്ചായത്ത് പുറത്തിറക്കിയ പ്രസിദ്ധീകരണം പൊതുധന ഉപയോഗിച്ചുള്ളതായിട്ടും, അത് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി അവതരിപ്പിക്കുന്നുവെന്നതാണ് പ്രധാന ആരോപണം.
പുസ്തകത്തിന്റെ ആമുഖത്തിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് മാത്രം ശ്രദ്ധേയമായി ഉൾപ്പെടുത്തിയതും പൊതുവിഭവങ്ങൾ ഉപയോഗിച്ച് വ്യക്തിപരമായ രാഷ്ട്രീയ നേട്ടം ഉറപ്പാക്കാൻ ശ്രമിച്ചതിന്റെ ഉദാഹരണമാണെന്നുമാണ് യു.ഡി.എഫ്. ആരോപണം.


“പഞ്ചായത്തിൻ്റെ ഔദ്യോഗിക രേഖയെ ഒരു മുന്നണിയുടെ വോട്ടുചേർക്കൽ ഉപാധിയായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല,” എന്ന് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ ചെയർമാൻ കെ. മുഹമ്മദ് സാലിയും കൺവീനർ പി. അജിത്തും വ്യക്തമാക്കി.
Voting, Election Commission











































