നാദാപുരം: [nadapuram.truevisionnews.com] ചിയ്യൂരിൽ കിണറ്റിൽ വീണ് ജീവൻ അപകടത്തിലായ യുവതിയെ നാദാപുരം അഗ്നിരക്ഷാസേന അതിവേഗ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് 12.50ഓടെയാണ് കുവ്വക്കാട് ഷൈജ (39) കിണറ്റിൽ കുടുങ്ങിയതായി വിവരം ലഭിച്ചത്.
സേന എത്തിയപ്പോൾ,സമീപവാസികളായ അജീഷ്, പ്രതീഷ് എന്നിവർ കിണറ്റിൽ ഇറങ്ങി മുങ്ങിപ്പോകാൻ സാധ്യതയുണ്ടായിരുന്ന ഷൈജയെ പിടിച്ചു നിൽക്കുകയായിരുന്നു. പെട്ടന്ന് തന്നെ ഫയർ & റെസ്ക്യൂ ഓഫീസർ ജിഷ്ണു കിണറ്റിൽ ഇറങ്ങി.
തുടര്‍ന്ന് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ റോപ്പ്, റെസ്ക്യൂ നെറ്റ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് ആദ്യം യുവതിയെയും പിന്നാലെ രക്ഷയ്ക്കിറങ്ങിയ രണ്ടുപേരെയും സുരക്ഷിതമായി പുറത്തെടുത്തു.തുടർന്ന് ഷൈജയെ ആശുപത്രിയിലേക്ക് മാറ്റി.
രക്ഷാപ്രവർത്തനത്തിന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാർ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സാനിജ് എന്നിവർ നേതൃത്വം നൽകി. പ്രബീഷ് കുമാർ, ഷാഗിൽ കെ., സുദീപ് എസ്.ഡി., സുജിത് വി. എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Nadapuram Fire Department









































