വടകര:( https://vatakara.truevisionnews.com/) എസ് മുക്ക് - തിരുവള്ളൂർ റോഡ് ഇനി ഉന്നത നിലവാരത്തിലേക്ക് . പ്രദേശത്തെ പ്രധാന പാതകളിലൊന്നായ 8.7 കിലോമീറ്റർ നീളമുള്ള എസ് മുക്ക് - വള്ളിയാട് - കോട്ടപ്പള്ളി - തിരുവള്ളൂർ റോഡ് പൂർണ്ണമായും ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയരുന്നു. രണ്ടാം എൽഡിഎഫ് സർക്കാർ നാല് ഘട്ടങ്ങളിലായി അനുവദിച്ച 5.9 കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണപ്രവൃത്തികൾ പുരോഗമിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനോട് ഉന്നയിച്ച ആവശ്യത്തെത്തുടർന്നാണ് റോഡിന്റെ നവീകരണത്തിനായി തുക അനുവദിച്ചത്. നാല് ഘട്ടങ്ങളിലായാണ് തുക വകയിരുത്തിയിരിക്കുന്നത്.
ഒന്നാം ഘട്ടം എസ് മുക്ക് മുതൽ വള്ളിയാട് വരെ രണ്ടുകോടി രൂപയും,രണ്ടാം ഘട്ടം വള്ളിയാട് മുതൽ കോട്ടപ്പള്ളി വരെ 75 ലക്ഷം രൂപയും,മൂന്നാംഘട്ടം കോട്ടപ്പള്ളി മുതൽ കണ്ണമ്പത്ത് കര വരെ 65 ലക്ഷം രൂപയും,നാലാം ഘട്ടം കണ്ണമ്പത്തു കര മുതൽ തിരുവള്ളൂർ വരെ രണ്ടരക്കോടി രൂപയും പൊതുമരാമത്ത് വകുപ്പ് അനുവദിക്കുകയുണ്ടായി.
എം.എസ്.എസ് നിലവാരത്തിൽ ബിഎം ആൻഡ് ബിസി ചെയ്യുന്നതിനൊപ്പം ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനങ്ങളും കൾവെർട്ടുകളുടെ നിർമ്മാണവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലങ്ങളായി എസ് മുക്ക്, കോട്ടപ്പള്ളി, തിരുവള്ളൂർ ഭാഗങ്ങളിലെ ജനങ്ങൾ അനുഭവിച്ചിരുന്ന യാത്രാക്ലേശത്തിന് ഇതോടെ ശാശ്വത പരിഹാരമാകും. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
SMukku - Thiruvallur road now at a high standard; Rs 5.9 crore renovation work in final stage








































