വാണിമേൽ: [nadapuram.truevisionnews.com] വാണിമേൽ സ്വദേശികളായ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചത് അഭിമാന മുഹൂർത്തമായി. വടകര അഡീഷണൽ എസ്.പി എ.പി ചന്ദ്രനും, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ അഷ്റഫുമാണ് സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരത്തിലൂടെ വാണിമേലിനും ജില്ലയ്ക്കും അഭിമാനമായത്.
2003-ലെ ഒരേ എസ്.ഐ ബാച്ചുകാരെന്ന പ്രത്യേകതയും ഇവർക്കുണ്ട്. അന്വേഷണ മികവിൽ എ.പി ചന്ദ്രൻ നാദാപുരം, വടകര, താമരശേരി തുടങ്ങിയ ഇടങ്ങളിൽ ഡിവൈഎസ്‌പിയായിരുന്ന എ.പി ചന്ദ്രൻ പ്രമാദമായ പല കൊലപാതക കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.
നെല്ലിയമ്പത്തെ അധ്യാപക ദമ്പതികളുടെ വധം, നിലമ്പൂർ ഒമ്പതുകാരിയുടെ കൊലപാതകം തുടങ്ങിയ കേസുകളിൽ പ്രതികൾക്ക് വധശിക്ഷ വാങ്ങി നൽകാൻ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് സാധിച്ചു.
മുഖ്യമന്ത്രിയുടെ മെഡലും ബാഡ്ജ് ഓഫ് ഓണറും നേരത്തെ ലഭിച്ചിട്ടുണ്ട്. പേരാമ്പ്ര പഞ്ചായത്ത് വി.ഇ.ഒ ദീപയാണ് ഭാര്യ. സരിൻ കൃഷ്ണ, അർച്ചന കൃഷ്ണ എന്നിവർ മക്കളാണ്. തെളിവെടുപ്പിൽ വിസ്മയമായി ടി.കെ അഷ്റഫ് കോഴിക്കോട് സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ പ്രവർത്തിച്ചിട്ടുള്ള ടി.കെ അഷ്റഫ് നൂറിലധികം കളവുകേസുകൾ തെളിയിച്ച് ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ്.

എലത്തൂർ വിജിൽ തിരോധാനം, മുക്കം ബലാത്സംഗ കേസ് തുടങ്ങിയവ ഇദ്ദേഹം അന്വേഷിച്ച പ്രധാന കേസുകളിൽ ചിലതാണ്. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ബാഡ്ജ് ഓഫ് ഓണറും ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ഇദ്ദേഹത്തെയും തേടിയെത്തിയിട്ടുണ്ട്. സുജീറയാണ് ഭാര്യ. മുഹമ്മദ് സനിൻ, റെലിൻ ഫാത്തിമ എന്നിവർ മക്കളാണ്.
Police officers from Vanimel received the President's Medal











































