വടകര: (vatakara.truevisionnews.com) വടകര നഗരസഭയിലെ എൻജിനീയറിങ് വിഭാഗം കെട്ടിടങ്ങൾക്ക് അനധികൃതമായി പെർമിറ്റുകളും കൈവശ സർട്ടിഫിക്കറ്റുകളും നൽകിയെന്ന ഗുരുതരമായ അഴിമതി ആരോപണത്തിൽ നാല് ഉദ്യോഗസ്ഥരെക്കൂടി സസ്പെൻഡ് ചെയ്തു.
കോഴിക്കോട് ആഭ്യന്തര വിജിലൻസിന്റെ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നഗരസഭ എൻജിനീയറിങ് വിഭാഗത്തിലെ അസി. എൻജിനീയർമാരായിരുന്ന വി.പി. റിജുല, പി.എം. പ്രിയ, ടി.പി. അനഘ്, ഗ്രേഡ് ഓവർസിയർ എം.എം. പ്രതീഷ് എന്നിവരെയാണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടർ സസ്പെൻഡ് ചെയ്തത്.
മുൻപ് ഇതേ സംഭവത്തിൽ അസി. എൻജിനീയർ വി. അജിത്കുമാർ, ഓവർസിയർ പി.പി. അനിഷ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. എൻജിനീയറിങ് വിഭാഗത്തിലെ അഴിമതി സംബന്ധിച്ച് വാട്‌സ്ആപ് നമ്പറുകളിലൂടെയും രഹസ്യമായും ലഭിച്ച പരാതികളെ തുടർന്ന് 2021 മുതലുള്ള ഫയലുകൾ പരിശോധിച്ച വിജിലൻസ്, നിലവിൽ സസ്പെൻഡ് ചെയ്യപ്പെട്ടവർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നു.
എന്നാൽ, സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ മന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഇതിന്റെ ഫയലുകൾ തിരിച്ചുവിളിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സസ്പെൻഷൻ നടപടി മരവിപ്പിക്കാൻ ശ്രമം നടക്കുന്നത് എന്നാണ് സൂചന.



ഇതിനിടെ, വടകര അഴിമതി അന്വേഷിച്ച ഉദ്യോഗസ്ഥനായ, തദ്ദേശ വകുപ്പ് ജില്ല ജോ. ഡയറക്‌ടർ ഓഫിസിലെ ഇന്റേണൽ വിജിലൻസ് ഓഫിസർ അനിൽകുമാറിനെ സ്ഥലംമാറ്റിയത് ട്രൈബ്യൂണൽ റദ്ദ്ചെയ്‌തു. എ ക്ലാസ് നഗരസഭയിലേക്ക് മാറ്റേണ്ട ഉദ്യോഗസ്ഥനെ സി ക്ലാസ് നഗരസഭയായ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ നിയമിച്ചത് ചോദ്യം ചെയ്ത ഹരജിയിലാണ് ട്രൈബ്യൂണൽ ഉത്തരവ് ഇറക്കിയത്.
Allegations of minister's intervention to freeze suspension of corrupt Vadakara Municipality officials











































