നാദാപുരം :(nadapuram.truevisionnews.com) "വളയത്ത് യുഡിഎഫ് മുന്നേറും , പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം കഴിവിൻ്റെ ഏറിയ പങ്കും നിർവ്വഹിക്കാനായി ". പടിയിറങ്ങുമ്പോൾ വളയത്തെ ഏക കോൺഗ്രസ് ജനപ്രതിനിധി പി പി സിനിലയ്ക്ക് പറയാനുള്ളത്.
ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കിയതായി മുസ്ലിം ലീഗ് പ്രതിനിധിയായ നാരോൻ്റവിട നസീമയും പറഞ്ഞു. വളയം ഗ്രാമപഞ്ചായത്തിൽ ഒരു വാർഡ് വർദ്ധിച്ച് ഇപ്പോൾ 15 വാർഡുകളാണുളളത്. എട്ടിടത്ത് സ്ത്രീ സംവരണമാണ്. ഒരിടത്ത് എസ് ടി സംവരണവും.
നിലവിൽ 10 സീറ്റുകൾ എൽഡിഎഫിനാണ്. 4 ഇടത്ത് യുഡിഎഫ് വിജയിച്ചിരുന്നു. ഒന്നാം വാർഡ് വണ്ണാർക്കണ്ടി, കോൺഗ്രസിന്റെ പരമ്പരാഗത ഉറച്ച കോട്ടയായി അറിയപ്പെടുന്ന സ്ഥലമാണ്.
ഇവിടെ ജനങ്ങളുടെ വിശ്വാസം നേടി പ്രവർത്തിച്ച പ്രതിനിധിയാണ് സിനില പി പി. വളയം പഞ്ചായത്തിലെ ഏക വനിതാ കോൺഗ്രസ് മെമ്പർ എന്ന നിലയിൽ, രാഷ്ട്രീയമേഖലയിൽ വനിതാ ശക്തിയുടെ പ്രതിനിധിയായി അവർ മുന്നേറി.



ലഭിച്ച ഫണ്ടുകൾ പരമാവധി പ്രയോജനപ്പെടുത്തി മഞ്ഞപ്പള്ളികുളം പുനരുദ്ധാരണവും, റോഡ് നവീകരണങ്ങളും, ജലജീവൻ പദ്ധതി നടപ്പാക്കലും, കൂടാതെ കോവിഡ് കാലഘട്ടത്തിൽ ജനങ്ങളോടൊപ്പം നിന്ന സേവനപ്രവർത്തനങ്ങളും— ഇവയെല്ലാം സിനിലയുടെ പ്രവർത്തനങ്ങളുടെ മുദ്രമുദ്രയാണ്. .
സാധാരണ രാഷ്ട്രീയപ്രവർത്തകയല്ല, പ്രവർത്തനമേഖലയിലൂടെ സ്വാധീനം ചെലുത്തിയ ഒരു യുവജനപ്രതിനിധി എന്ന നിലയിലാണ് സിനിലയെ ഈ നാട് കാണുന്നത്. ചെറുപ്പമായിട്ടും ഉത്തരവാദിത്തം നിറഞ്ഞ നിലപാടുകളും ജനപിന്തുണയും ഉണ്ടെന്ന് അവർ സ്വയം തെളിയിച്ചു. ഇപ്പോൾ, സ്വാഭിമാനത്തോടെ പടിയിറങ്ങുന്നതെന്നും സിനില പറഞ്ഞു.
രാഷ്ട്രീയവേദിയിൽ ഉറച്ച ഒരുകൈയൊപ്പിട്ടിരിക്കുന്നു. അവരുടെ സേവനങ്ങൾ വോട്ടർമാർക്ക് ഓർമ്മയാവുമ്പോൾ, കോൺഗ്രസിന് വീണ്ടും പ്രതീക്ഷയുടെ തെളിച്ചം പകരുന്ന വാർഡായി വണ്ണാർക്കണ്ടി മാറും.
വളയം ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡ് ചെറുമോത്ത് ഇന്ന് വികസനത്തിന്റെ പാതയിൽ ഉറച്ച കാൽവെയ്പ്പാണ് നടത്തുന്നത്. വാർഡിലെ ഐയുഎംഎൽ പ്രതിനിധിയും നസീമ തന്റെ സാമൂഹ്യ പ്രതിബദ്ധത കൊണ്ട് നാട്ടുകാർക്കിടയിൽ വിശ്വാസത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.
തന്റെ കാലയളവിൽ നസീമ നടത്തിയ പ്രവർത്തനങ്ങൾ ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി പുതിയ അംഗനവാടി കെട്ടിടം സമർപ്പിച്ചത് ചെറുമോത്തിന്റെ അഭിമാനമായി മാറി. യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ആശ്വാസമായ ഓവുപാലം നിർമ്മാണം കൂടി ഗ്രാമവാസികളുടെ നിത്യേന ജീവിതത്തിൽ മാറ്റം വരുത്തി.
അതേസമയം ഏഴോളം റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി, ഗ്രാമത്തിന്റെ അറ്റത്തും അരികിലും ബന്ധം ഉറപ്പിച്ച നസീമ, ചെറുമോത്ത് റോഡിന്റെ വിപുലീകരണത്തിന് വഴിയൊരുക്കി ഗതാഗത സൗകര്യത്തിൽ വൻ പുരോഗതി കൈവരിച്ചു.
കുടിവെള്ളത്തിന്റെ അഭാവം നേരിടുന്ന കുടുംബങ്ങൾക്ക് ആശ്വാസമായ കുടിവെള്ള പദ്ധതി നടപ്പിലാക്കിയത് മറ്റൊരു പ്രധാന നേട്ടമായിരുന്നു. വികസന പ്രവാഹം നിലനിർത്താനായി ഇനി നടപ്പിലാക്കാനിരിക്കുന്ന പ്രവർത്തനങ്ങൾക്കായി 5 ലക്ഷം രൂപയുടെ ഫണ്ട് പാസാക്കി, ഭാവി പദ്ധതികൾക്കും തുടക്കമായി.
സമൂഹത്തിന്റെ എല്ലാ തലങ്ങളെയും ഉൾപ്പെടുത്തി പ്രവർത്തിച്ച നസീമയുടെ നേതൃത്വത്തിൽ ചെറുമോത്ത് ഇന്ന് “മുന്നേറ്റത്തിന്റെ മുഖം” ആയി മാറുകയാണ് . സ്ത്രീശക്തിയും വികസനവീക്ഷണവും ഒരുമിക്കുന്ന ഈ വാർഡിൽ, ജനങ്ങളുടെ വിശ്വാസം തന്നെയാണ് നസീമയുടെ ഏറ്റവും വലിയ വിജയമെന്നത് തീർച്ച.
Valayam Grama Panchayat, UDF achievements,













































