വാണിമേലിൽ എന്ത് സംഭവിച്ചു; ഇടത് ഭരണത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെ ?

വാണിമേലിൽ എന്ത് സംഭവിച്ചു; ഇടത് ഭരണത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെ ?
Dec 15, 2025 03:01 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]  കേരളം മുഴുവൻ വലത്പക്ഷ അനുകൂല കൊടുങ്കാറ്റ് ആഞ്ഞ് വീശിയിയപ്പോൾ വാണിമേലിൽ യുഡിഎഫിന് എന്ത് സംഭവിച്ചു?മുസ്ലിം ലീഗ് ഉരുക്കുകോട്ട ഉരുൾപൊട്ടി ഒഴുകിയതിന് പിന്നിലെന്ത്?

മലമുകളിലെ ഉന്നതികളിൽ വീണ്ടും ചെങ്കൊടി പാറിയപ്പോൾ കോൺഗ്രസിനും അടിവെച്ച് മുന്നേറിയ ബിജെപിക്കും പിഴച്ചത് എവിടെ? ഇരുപത് വർഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് വീണ്ടും ഇടതുപക്ഷം അധികാരത്തിൽ ഏറുമ്പോൾ ഇനി വാണിമേലിൽ നടക്കാൻ പോകുന്നതെന്ത് ?

ജന്മിത്വത്തിനും ഭൂപ്രമാണിത്വത്തിനും എതിരെ മണ്ണിൽ അധ്വാനിക്കുന്നവരെ സംഘടിപ്പിച്ച് പടനയിച്ച് കൊണ്ടാണ് വാണിമേലിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വേരുറപ്പിച്ചത്. ജോലിക്കും കൂലിക്കും ഇതോടൊപ്പം അന്തസ്സോടെ ജീവിക്കാനുമുള്ള നിരവധി പോരാട്ട സമരങ്ങളിൽ ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളിവർഗം ചെങ്കൊടിക്ക് കീഴിൽ അണിനിരന്നു.

വാണിമേലിനപ്പുറം ജന്മി തമ്പ്രാക്കളും ഭൂപ്രമാണിമാരും ഏറെ ഹൈദവരായിരുന്നെങ്കിൽ വാണിമേൽ മലയോരത്തെ ഭൂമിയുടെ അവകാശികളിൽ ഏറെയും മുസ്ലിം കുടുംബങ്ങളായിരുന്നു.

അത് കൊണ്ട് തന്നെ ഇവിടെ ഭൂ ഉടമകൾക്കെതിരെ നടന്ന കമ്മ്യൂണിസ്റ്റ് സമരങ്ങളെ ചെറുത്ത് നിൽക്കാനും സംരക്ഷണ വലയം തീർക്കാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് മുസ്ലിം ലീഗ് പ്രസ്ഥാനം വാണിമേലിൻ്റെ പച്ചപ്പിനൊപ്പം തഴച്ച് വളർന്നത്.

അധ്വാനശീലരായ തെക്കൻ കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങൾ വണ്ടി കയറി മലബാറിൽ എത്തിയപ്പോൾ ഏറെ പേരും വാണിമേലിൻ്റെ മലയോരമായ വിലങ്ങാട്ടെക്ക് കുടിയേറി. കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് മണ്ണ് പൊന്നാക്കി അവരും ജീവിതത്തിന് ഊടും പാവും നെയ്ത്കൂട്ടി. അവർ ഒപ്പം കൊണ്ടുവന്ന രാഷ്ട്രീയമായിരുന്നു വാണിമേലിലെ കോൺഗ്രസ്പ്രസ്ഥാനത്തിനും കരുത്ത് കൂട്ടിയത്.

റേഷൻ കാർഡ് പോലും പണയം വെച്ച് മൃഗതുല്ല്യരായി ജീവിച്ച ആദിവാസി കുടുംബങ്ങളിൽ അവകാശ പോരാട്ടത്തിൻ്റെ ആദ്യ മന്ത്രങ്ങൾ ചൊല്ലി കൊടുത്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പിൻമുറക്കാരുടെ ജാഗ്രത കുറവ് മുതലെടുത്താണ് വാണിമേലിലെ ഉന്നതികളിൽ ബിജെപിയുടെ കാവിക്കൊടി അടുത്ത കാലത്തായി ഉയരെ പാറാൻ തുടങ്ങിയത്.

കാലങ്ങളോളം വാണിമേൽ ഗ്രാമ പഞ്ചായത്ത് ഭരണം മുസ്ലിം ലീഗിൻ്റെ കുത്തകയായിരുന്നു. വാണിമേലിലെ പ്രമുഖ ജന്മി കുടുംബാംഗമായ തറുവൈ ഹാജിയായിരുന്നു ഏറെക്കാലം പഞ്ചായത്ത് ഭരിച്ചത്.

ഇതിനിടയിൽ വാണിമേലിലെ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ നായകനായ മുൻ എംഎൽഎ എ കണാരൻ കണ്ടെത്തിയ യുവ പോരാളി എം കെ ബാലനിലൂടെയാണ് മുസ്ലിം ലീഗിൻ്റെ പൊന്നാപുരം കോട്ടയിൽ ആദ്യമായി ചെങ്കൊടി അധികാരത്തിലെത്തിയത്.

പാർട്ടി തീരുമാനം അനുസരിച്ച് ഏതാനും മാസം കെ.പി ചോയി കുട്ടിമാസ്റ്റർ പ്രസിഡൻ്റ് ആയത് ഉൾപ്പെടെ ഒരു പതിറ്റാണ്ട് കാലം എം കെ ബാലനിലൂടെ വാണിമേൽ സിപിഐ എം ഭരിച്ചു.

തുടർന്ന് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ അൻപത് ശതമാനം സ്ത്രീസംവരണം ഏർപ്പെടുത്തി. വാണിമേലിലെ പ്രസിഡൻ്റ് പദവും സ്ത്രീകൾക്ക് വേണ്ടി മാറ്റിവെച്ചപ്പോൾ അതുവരെ രാഷ്ട്രീയത്തിൽ നിന്ന് സ്ത്രീകളെ അകറ്റി നിർത്തിയ മുസ്ലിം ലീഗ് തറുവൈ ഹാജിയുടെ മകളും അധ്യാപികയുമായ സുലൈഖയെ രംഗത്തിറക്കി വാണിമേലിൽ വീണ്ടും ഹരിതപതാക ഉയർത്തിക്കെട്ടി.

ഇതിനിടയിൽ മുസ്ലിം ലീഗിൻ്റെ യുവനേതാവും അധ്യാപകനുമായ എൻ കെ മൂസ അഞ്ച് വർഷം ഗ്രാമപഞ്ചായത്തിൽ അധികാരത്തിൽ ഏറി. ആദ്യ അവസരത്തിൽ തിളങ്ങി നിന്ന സുലൈഖ ടീച്ചർ ഏറ്റവും ഒടുവിൽ പ്രസിഡൻ് കസേരയിൽ ഇരുന്നപ്പോൾ നിരാശയായിരുന്നു ഫലമെന്നാണ് വിലയിരുത്തൽ.

വാണിമേലിൻ്റെ വികസന പച്ചപ്പ് , പൂപ്പൽ പിടിച്ച് കരിഞ്ഞുണങ്ങിയ കാഴ്ച്ച ഗ്രാമ പഞ്ചായത്ത് ആസ്ഥാന കാര്യാലയത്തിൽ നിന്ന് തുടങ്ങുന്നുണ്ട്. അഞ്ച് വർഷത്തെ ഭരണം പൂർത്തിയായിട്ടും ഒരു പൊതു ശൗഛാലയം നിർമ്മിക്കാനോ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ മാർഗങ്ങൾ അവലംഭിക്കാൻ പോലും കഴിഞ്ഞില്ല.

ഒപ്പം വാണിമേലിനെ സങ്കടകടലിലാക്കി വിലങ്ങാട് ഉരുൾപൊട്ടി ഒലിച്ചപ്പോൾ സർക്കാർ സംവിധാനങ്ങൾക്കൊപ്പം പ്രത്യേക കരുതൽ ഒരുക്കാൻ വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അമ്പേ പരാജയപ്പെട്ടുവെന്ന വിലയിരുത്തലാണ് വിലങ്ങാട് മേഖലയിലെ രാഷ്ട്രീയ ഉരുൾപൊട്ടലിലേക്ക് യുഡിഎഫിനെ നയിച്ചത്.

എംപിയും കേന്ദ്ര മന്ത്രിയും ഒക്കെ ആകുന്നതിന് ഏറെ മുമ്പെതന്നെ സിനിമാ താരം സുരേഷ് ഗോപി രാഷ്ട്രീ പരീക്ഷണത്തിന് നോട്ടമിട്ടതും വിലങ്ങാടെ മലമുകളിലേക്കായിരുന്നു.

പുതിയ കാലത്ത് ആദിവാസി ഉന്നതികളിലെ ആരോഗ്യപ്രശ്നങ്ങളും ആശുപത്രിയിൽ എത്തിക്കാൻ ആബുലൻസ് അനുവദിച്ചും ഇവിടെ ബിജെപിയെ വളർത്താൽ വലിയ ഇടപെടൽ ഉണ്ടായി. ഇതിനായി സുരേഷ് ഗോപി എംപി ഫണ്ട് അനുവദിച്ചു.

എന്നാൽ പോകെ പോകെ ബിജെപി നേതൃത്വത്തിലെ ചിലരുടെ അഴിമതിയും കെടുകാര്യസ്ഥതയും ഉന്നതി വാസികൾ തിരിച്ചറിഞ്ഞ് തുടങ്ങി. ഉരുൾപൊട്ടൽ ബാധിതരുടെ പുന:രധിവസത്തിനായി ഇടതുപക്ഷ സർക്കാർ വിലങ്ങാട്ടെ ആദിവാസി ഉന്നതികളെ സുരക്ഷിത സ്ഥാനത്തേക്ക് പുന:ർ നിർമ്മിക്കാൻ തീരുമാനിച്ചു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ക്റ്റ് സൊസൈറ്റിക്ക് ആയിരുന്നു വീടുകളുടെ നിർമ്മാണ ചുമതല.ഇതിൽ വേഗത കുറവും അഴിമതിയും ആക്ഷേപിച്ച് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെത്തി ഉന്നതി വാസികളെ സംഘടിപ്പിച്ച് സമരം നയിച്ചു.

ഒടുവിൽ ഇവർ ആവശ്യപ്പെട്ട വീടുകളുടെ നിർമ്മാണം ബിജെ പി നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് കൈമാറി. എന്നാൽ വർഷങ്ങൾ കഴിഞ്ഞും വീടുകളുടെ നിർമ്മാണം പൂർത്തിയായില്ല. അഴിമതിയുടെ പന്തം കൊളുത്തിയ പടയാണ് പിന്നീട് കണ്ടത്. ഇത് കനത്ത ആഘാതമാണ് ബിജെപി വരുത്തി വെച്ചത്.

ഉരുൾപൊട്ടി ജീവിതം തുടച്ച് നീക്കപ്പെട്ട വിലങ്ങാട് നിവാസികളുടെ കണ്ണീരൊപ്പാൻ കേന്ദ്ര സർക്കാരോ മന്ത്രിയായ സുരേഷ് ഗോപിയോ ഒന്നും ചെയ്തില്ല. ഇത് സംഘപരിപരിവാറിൻ്റെ കരുനീക്കത്തിൽ വലിയ തിരിച്ചടിയായി. ക്രിസംഘി പരീക്ഷണവും വിലങ്ങാട് വിലപോയില്ല.

വിലങ്ങാട് മേഖലയിലെ സിപിഐയുടെ ഉൾക്കരുത്ത് ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. മലയോരത്തിൻ്റെ സുഖ ദുഃഖങ്ങളിൽ കാവലും കരുത്തുമായ രാജു അലക്സിൻ്റെ വിജയം ഇതിന് അടിവരയിടുന്നതാണ്.

സിപിഐഎമ്മിൻ്റെ രണ്ടാം തലമുറ നേതൃത്വം വിലങ്ങാട് മേഖലയിൽ ഒന്നുകൂടി ശക്തിപ്പെടുന്നതും ഇടതുപക്ഷ പ്രതീക്ഷയാണ്. വാണിമേലിൻ്റെ ഭരണ സമിതിയിലേക്ക് എത്തുന്ന കോൺഗ്രസിൻ്റെ യുവ മുഖമായ സിബി സബാസ്റ്റിനിലൂടെ കോൺഗ്രസിനും കരുത്ത് വീണ്ടെടുക്കാൻ ചുവട് വെപ്പ് തുടങ്ങാം.

വികസന മുരടിപ്പിനൊപ്പം മുസ്ലിം ലീഗിലെ കടുത്ത വിഭാഗീയതയും കേരളം വലത്തോട്ട് കുതിച്ചിട്ടും വാണിമേലിനെ ഇടത്തോട്ട് നയിക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്.

ഗ്രാമപഞ്ചായത്ത് വാർഡുകളുടെ പുന:ർ നിർണ്ണയത്തിൽ യുഡിഎഫ് തയ്യാറാക്കിയ പട്ടിക മുസ്ലിം ലീഗ് നേതാവിൻ്റെ "ജാഗ്രത കുറവിൽ " സിപിഐ എമ്മിന് ചോർന്ന് കിട്ടിയെന്നതായിരുന്നു ഏറ്റവും ഒടുവിലെ വിവാദം.

പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്വത്തിൻ്റെ ശക്തമായ ഇടപെടലിൽ മണ്ഡലം ജനറൽ സെക്രട്ടറിയും മുൻഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ എൻകെ മൂസമാസ്റ്റർക്ക് മാസങ്ങളോളം നേതൃസ്ഥാനത്ത് നിന്ന് മാറി നിൽക്കേണ്ടി വന്നു.

ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ പതിറ്റാണ്ടുകളോളം അംഗമായ മുസ്ലിം ലീഗിൻ്റെ പഞ്ചായത്തിലെ സമുന്നത നേതാവ് കൊറ്റാല അശറഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥനത്ത് എത്തുന്നത് തടയാനുള്ള ശക്തമായ പാലം വലിയും ഭരണ നഷ്ടത്തിന് കാരണമായി.

എന്നാൽ ശക്തമായ അടിഒഴുക്കോ, അടിത്തറ തകർച്ചയോ മുസ്ലിം ലീഗിന് വാണിമേലിൽ സംഭവിച്ചിട്ടില്ല എന്നത് വ്യക്തമാണ്. ബ്ലോക്ക് പഞ്ചായത്ത് വാണിമേൽ ഡിവിഷനിൽ കോണി ചിഹ്നത്തിൽ മുസ്ലിം ലീഗ് മത്സരിപ്പിച്ച കോൺഗ്രസ് പ്രവർത്തക ബെനില സത്യൻ്റെ ഭൂരിപക്ഷം ഇക്കാര്യം സാധൂകരിക്കുന്നു.

ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ അയ്യായിരത്തിൽ പരം വോട്ടുകളാണ് ബെനിലയ്ക്ക് ലഭിച്ചത്. വാണിമേലിൻ്റെ യുവ രാഷ്ട്രീയ പ്രതീക്ഷയായ സിപിഐ എം നാദാപുരം ഏരിയാ കമ്മറ്റി അംഗങ്ങളായ ടി പ്രദീപ് കുമാറിൻ്റെയും എൻപി വാസുവിൻ്റെയും നേതൃത്വത്തിൽ യുവത നടത്തിയ കൃത്യമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് വാണിമേലിനെ വീണ്ടും ചുകപ്പിച്ചത്.

ആധുനീക കാലത്തെ ഇലക്ഷൻ മാനേജ്മെൻ്റ് തന്ത്രങ്ങൾ കൂട്ടിയോജിപ്പിച്ച് വിനിയോഗിച്ചതിൽ ടി പ്രദീപ് കുമാറിൻ്റെ സാമർത്ഥ്യം എതിരാളികൾ പോലും തലകുലുക്കി സമ്മതിച്ചു.

വിഭാഗീയതയുടെ കാലത്ത് പലവിധ കാരണങ്ങൾ പറഞ്ഞ് പാർട്ടി അകറ്റി നിർത്തിയവരെ പോലും വീണ്ടും പ്രസ്ഥാനത്തോട് അടുപ്പിച്ച് അവരുടെ വിവിധങ്ങളായ കഴിവുകൾ ഉപയോഗപ്പെടുത്തി ഭരണം വീണ്ടെടുക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് നയിക്കാൻ വാണിമേലിലേയും വിലങ്ങാട്ടെയും സിപിഐ എം നേതൃത്വത്തിന് കഴിഞ്ഞു.

സിപിഐ എമ്മിന് ഭരണ നഷ്ടം സംഭവിച്ച പുറമേരിയിൽ കാരണം തേടുമ്പോൾ വാണിമേലിലെ നേതൃത്വം സ്വീകരിച്ച മരുന്ന് പിന്നീടെങ്കിലും ഉപയോഗിക്കുന്നത് നന്നാവും. വാണിമേലിൽ ഭരണം പിടിക്കുകയെന്ന ലക്ഷ്യം ഒന്നോ രണ്ടോ വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചതും പുതു തലമുറയെ ആകർഷിക്കുന്ന തരത്തിൽ ശക്തമായ സോഷ്യൽ മീഡിയ ഉപയോഗവും ഇടതുപക്ഷ മുന്നേറ്റത്തിന് വഴിതുറന്നു.

സിപിഐ എം ലോക്കൽ സെക്രട്ടറിയും വാണിമേൽ സഹകരണ ബാങ്ക് പ്രസിഡൻ്റായും ടി പ്രദീപ് കുമാർ പ്രവർത്തിച്ചപ്പോൾ നേടിയ ജനകീയത ഒരു പുതുപരീക്ഷണം ആയാൽ എന്താണ് എന്ന ചിന്ത വലത് പക്ഷത്ത് ഉള്ളവരിൽ പോലും ഉയർന്നു എന്നതും സത്യമാണ്.

ഒരു മുസ്ലിം ലീഗ് കോട്ടയെങ്കിലും തകരാതെ വാണിമേലിൽ അധികാരം തിരിച്ച് പിടിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് സിപിഐഎമ്മിന് നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതിൻ്റെ വിജയമാണ് ഒറ്റ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഒരു വാർഡ് പിടിച്ചെടുത്ത് അധികാരത്തിലേക്ക് ചുവട് വെച്ചത്.

പുലിയെ മടയിൽ പോയി അക്രമിക്കുകയെന്ന തന്ത്രം നൂലിഴ വ്യത്യാസത്തിൽ വിജയിച്ചപ്പോൾ അത് ഒരു നാടിൻ്റെ ചരിത്രം തന്നെയാണ് മാറ്റി കുറിച്ചത്. ഇടതുമുന്നണി ആവിഷ്ക്കരിച്ച വാർഡ് വിഭജന തന്ത്രമാണ് കേരളമെങ്ങും ശക്തമായ തിരിച്ചടി നേരിട്ട ഘട്ടത്തിൽ പോലും വാണിമേൽ തിരിച്ചു പിടിക്കാൻ സഹായിച്ചതെന്ന് തെരഞ്ഞെടുപ്പിലെ കേന്ദ്രീകരിച്ച വോട്ടുകളുടെ എണ്ണം വ്യക്തമാക്കുന്നു.

യുഡിഎഫ് ജയിച്ച വാർഡുകളിലെല്ലാം വലിയ ഭൂരിപക്ഷമാണ് അവർക്ക് ലഭിച്ചത്. വാർഡ് 18 വാണിമേലിൽ സിപിഐ എം സ്ഥാനാർത്ഥി പി എം രാജന് ലഭിച്ചത് വെറും 39 വോട്ട് മാത്രം. ഇവിടെ വിജയിച്ച മുസ്ലിം ലീഗിലെ സുബൈർ തയ്യുള്ളതിലിനാവട്ടെ 917 വോട്ടുകൾ.

വാർഡ് 15 കൊപ്രകളത്തിൽ സിപിഐ എം സ്ഥാനാർത്ഥി എം ടി രാധയ്ക്ക് വെറും 44 വോട്ടുകൾ. ഇവിടെ മുസ്ലിം ലീഗിലെ എൻപി സലീനയ്ക്ക് 812 വോട്ടുകൾ. വാർഡ് രണ്ട് വയൽ പീടികയിൽ സിപിഐ എം സ്ഥാനാർത്ഥി വള്ളിൽ ചന്ദ്രിക്ക് ലഭിച്ചത് വെറും 45 വോട്ടുകൾ. കോൺഗ്രസിലെ ശോഭാ ലോകനാഥനാവട്ടെ 891 വോട്ട്.

വാർഡ് 15 കുളപ്പറമ്പിൽ സിപിഐ എം മൂന്നാം സ്ഥാനത്താണ്. എൻപി സജി നയ്ക്ക് ലഭിച്ചത് 64 വോട്ടുകൾ മാത്രം. ഇവിടെ രണ്ടാം സ്ഥാനത്തുള്ള എസ്ഡിപിഐ സ്ഥാനാർത്ഥി ഖദീജ സുബൈർ നേടിയത് 71 വോട്ടുകൾ. വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥി സൗദ പുത്തൻ പുരയിലിന് 844 വോട്ടിൻ്റെ ഭൂരിപക്ഷം.

ഇവിടെ നാലിടത്തും ബിജെപിക്ക് സ്ഥാനാർത്ഥിയില്ലയെന്നതും പ്രത്യേകതയാണ്. ഇടതുപക്ഷത്തെ മറ്റൊരു ജനകീയ മുഖമായ കെ.പി രാജീവൻ്റെ വാർഡിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.

92 വോട്ട് നേടിയ ബിജെപി സ്ഥാനാർത്ഥി അനീഷ് മാത്യുവാണ് രണ്ടാം സ്ഥാനത്ത് . 615 വോട്ട് നേടി കെ.പി രാജീവൻ വിജയിച്ചപ്പോൾ 78 വോട്ട് മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥി രജീഷ് ലാലിന് ലഭിച്ചത്.

ടി പ്രദീപ് കുമാർ മത്സരിച്ച പതിമൂന്നാം വാർഡ് പരപ്പുപാറയിൽ എൽഡിഎഫ് മുന്നേറ്റം ഉണ്ടായി. 712 വോട്ട് പ്രദീപിന് ലഭിച്ചപ്പോൾ മുസ്ലിം ലീഗിലെ കെ.വി ആരിഫ് മാസ്റ്റർക്ക് 22 വോട്ടും ബിജെപി സ്ഥാനാർത്ഥി 37 വോട്ടുമാണ് ലഭിച്ചത്.

അശറഫ് കൊറ്റാല മത്സരിച്ച വാർഡ് 17 മാമ്പിലാക്കൂലിൽ ശക്തമായ ത്രികോണ മത്സരമായിരുന്നു. ഇവിടെ അശറഫ് 535 വോട്ട് നേടി. 354 വോട്ട് നേടിയ എസ് ഡിപിഐ സ്ഥാനാർത്ഥി നിസാം തങ്ങൾ രണ്ടാമതെത്തി. 302 വോട്ട് നേടിയ സിപിഐഎം സ്ഥാനാത്ഥി വി. പവിത്രൻ മൂന്നാം സ്ഥാനത്തായി. ബിജെപിയിലെ കുങ്കന് വെറും ഒൻപത് വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

സിപിഐഎം വാർഡ് മെമ്പറായ ശരദ രാജിവെച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയായപ്പോൾ 169 വോട്ട് മാത്രം നേടി. തോൽവി അറിഞ്ഞു. ഇവിടെ വിജയിച്ച സിപിഐഎം സ്ഥാനാർത്ഥി പിബി സൗമ്യക്ക് 469 വോട്ട് ലഭിച്ചു. ബി ജെ പി സ്ഥാനാർത്ഥി പ്രിൻസിക്ക് 51 വോട്ട് മാത്രമാണ് ലഭിച്ചത്.

ഭരണം മാറ്റി മറിച്ച 14ാം വാർഡ് കോടിയുറയിൽ സിപിഐ എം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിച്ച എൻ കെ മുർഷിനയ്ക്ക് 617 വോട്ടും മുസ്ലിം ലീഗിലെ റൈഹാനത്ത് കെ.പി ക്ക് 616 വോട്ടുമാണ് ലഭിച്ചത്. ഇവിടെയും ബി ജെ പി മത്സര രംഗത്ത് ഇല്ലായിരുന്നു.

വലിയ വാഗ്ദാനങ്ങളാണ് ഭരണമാറ്റത്തിന് എൽഡിഎഫ് വാണിമേലിന് നൽകിയത്. അക്കമിട്ട് നിരത്തിയ പ്രകടന പത്രികയും പുറത്തിറക്കി. അത് കൊണ്ട് തന്നെ വലിയ ഉത്തരവാദിത്വമാണ് എൽഡി എഫിന് മുന്നിലുള്ളത്.

സ്വതന്ത്രയായി മത്സരിപ്പിച്ച മുർഷിദ വിജയിച്ചാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പദവി നൽകുമെന്ന ഇടതുപക്ഷത്തിൻ്റെ ഉറപ്പാണ് ആദ്യം നടപ്പാകുക. ടി പ്രദീപ് കുമാർ പ്രസിഡൻ്റാകുന്ന ഭരണ സമിതിയിൽ പരിചയസമ്പന്നരായ കെ.പി രാജീവനും സിപിഐ നേതാവ് രാജു അലക്സിനും സ്റ്റാൻ്റിംഗ് കമ്മറ്റികളുടെ അധ്യക്ഷ പദവിയും നൽകിയേക്കും.

ഗ്രാമപഞ്ചായത്ത് ഓഫീസ് ശോചനീയ അസ്ഥയിലുള്ള കെട്ടിടം പുതുക്കി പണിയും പഞ്ചായത്തിൽ നാലിടത്ത് ആധുനിക കളിസ്ഥലങ്ങൾ, എല്ലാവാർഡുകളിലും സാംസ്കാരിക കേന്ദ്രങ്ങൾ - കായിക വികസന കേന്ദ്രങ്ങൾ, എട്ട് കേന്ദ്രങ്ങളിൽ ഓപ്പൺ ജിം പഞ്ചായത്തിന് കീഴിൽ കളരി പരിശീലന കേന്ദ്രം കലാ സാംസ്കാരിക വേദികൾ ക്ക് അഞ്ച് ലക്ഷം രൂപയുടെ ഗ്രാൻ്റ്, വാർഡ് തലംമുതൽ വിവിധ കലോത്സവങ്ങൾ തുടങ്ങി പ്രകടന പത്രികയിൽ നടപ്പാക്കേണ്ട വാഗ്ദാനങ്ങൾ നിരവധിയാണ്.

Vanimeli, Nadapuram, Left rule

Next TV

Related Stories
സുബൈർമാർ പടിയിറങ്ങുമ്പോൾ...നാദാപുരത്ത് അടയാളപ്പെടുത്തിയ ജനസാരഥികൾ

Nov 18, 2025 02:37 PM

സുബൈർമാർ പടിയിറങ്ങുമ്പോൾ...നാദാപുരത്ത് അടയാളപ്പെടുത്തിയ ജനസാരഥികൾ

നാദാപുരം ഗ്രാമപഞ്ചായത്ത്‌, കഴിഞ്ഞ 5 വർഷ ഭരണം, മുസ്‌ലിം...

Read More >>
തൂണേരിയിൽ യുഡിഎഫ് തുടരും, ആത്മവിശ്വാസത്തോടെ സുധാസത്യൻ

Nov 14, 2025 03:24 PM

തൂണേരിയിൽ യുഡിഎഫ് തുടരും, ആത്മവിശ്വാസത്തോടെ സുധാസത്യൻ

തൂണേരി ഗ്രാമപഞ്ചായത്ത് , യുഡിഎഫ് ഭരണം , ജനകീയ...

Read More >>
അഞ്ച് വർഷങ്ങളുടെ സേവനയാത്രയ്ക്ക് വിട; വികസനത്തിന്റെ പാതയിൽ മുന്നേറുന്ന തൂണേരി

Nov 13, 2025 01:03 PM

അഞ്ച് വർഷങ്ങളുടെ സേവനയാത്രയ്ക്ക് വിട; വികസനത്തിന്റെ പാതയിൽ മുന്നേറുന്ന തൂണേരി

തൂണേരി ഗ്രാമപഞ്ചായത്ത്, അഞ്ചു വർഷത്തെ ഭരണം , വേളൂർ സൗത്ത് ,...

Read More >>
Top Stories










News Roundup






Entertainment News